Saturday, December 8, 2012

> കര്‍സേവകള്‍ അവസാനിച്ചിട്ടില്ല





ഒരുപക്ഷേ’യില്‍ നിന്നു ‘തീര്‍ച്ചയിലേക്ക്’ ചരിത്ര വിവരണങ്ങള്‍ വഴുതിമാറാന്‍ അധിക സമയമൊന്നും എടുക്കില്ലഎന്‍ കെ സുല്‍ഫിക്കര്‍.
     
 ഈയ്യിടെ ഹൈദരാബാദ് സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോടൊപ്പം ചരിത്ര പ്രസിദ്ധമായ ഗോല്‍കണ്ട കോട്ട കാണാന്‍ പോയി. സൌത്ത് ഇന്ത്യയിലെ നിരവധി രാജവംശങ്ങള്‍ മാറി മാറി ഭരിച്ച ഈ പുരാതന നഗരത്തിന്റെ അധികാര കേന്ദ്രമായിരുന്നു ഈ കോട്ട. ഏറ്റവുമൊടുവില്‍ ഖുതുബ് ഷാഹി രാജാക്ക•ാരാണിത് വിശദമായി പുതുക്കിപ്പണിതത്. ശില്പചാരുത കൊണ്ടും ആകാര സൌഷ്ടവം കൊണ്ടും ഗാംഭീര്യമുണര്‍ത്തുന്ന ഗോല്‍കൊണ്ട കോട്ട രാജാധികാരത്തിന്റെ പഴയകാല പ്രതാപങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. കോട്ട ചുറ്റിക്കണ്ട ശേഷം, ഹൈദരാബാദ് നഗരത്തിന്റെയും ഗോല്‍കണ്ടയുടെയും ചരിത്ര പശ്ചാത്തലം വിവരിക്കുന്ന ‘ലൈറ്റ് ആന്റ് സൌണ്ട് ഷോ’ക്കു വേണ്ടി സന്ദര്‍ശകര്‍ കാത്തിരിക്കുകയാണ്. വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ഈ ഒരു മണിക്കൂര്‍ പ്രദര്‍ശനം, പൊതുവില്‍ വിരസമെന്നു തോന്നിക്കുന്ന ചരിത്ര വിവരണ രീതിയുടെ പതിവ് വഴക്കങ്ങളെ, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ആസ്വാദ്യവും ജനകീയവുമാക്കുന്നതിന്റെ നല്ലൊരുദാഹരണമാണ്. അതുകൊണ്ടു തന്നെ ഹൈദരാബാദ് നഗരം സന്ദര്‍ശിക്കാനെത്തുന്നവര്‍ നഗരത്തിന്റെ ഒരു പൊതു ചരിത്രം മനസ്സിലാക്കിയെടുക്കുന്നത് ലൈറ്റ് ആന്റ് സൌണ്ട് ഷോ എന്നു പേര് വിളിക്കുന്ന ഈ ഷോയില്‍ നിന്നുള്ള വിവരണങ്ങളിലൂടെയാണ്. ഗോല്‍കണ്ട കോട്ടയെ, ഒരു ചരിത്രാവശിഷ്ടം എന്ന നിലയില്‍ നിന്നു മാറ്റി, ഇപ്പോഴും സജീവമായ ഒരിടം എന്ന പ്രതീതി ധ്വനിപ്പിച്ചാണ് ഈ പ്രദര്‍ശനം. അതുകൊണ്ട് തന്നെ കോട്ടയെ രാജാവും രാജ്ഞിയും കൊട്ടാരവാസികളും തിങ്ങിനിറഞ്ഞ ഒരു കൊട്ടാരാന്തരീക്ഷമാക്കി മാറ്റി, അവരെക്കൊണ്ടു തന്നെ കഥ പറയിപ്പിക്കുന്ന രീതിയാണ് ഈ പ്രദര്‍ശനം പിന്തുടര്‍ന്നു പോരുന്നത്. കൊട്ടാരവാസികളുടെ വിവരണത്തില്‍ നിന്നു ‘വിട്ടുപോകുന്ന’ ഭാഗങ്ങള്‍ പൂരിപ്പിക്കാനും കൂട്ടിച്ചേര്‍ക്കാനുമാണ് ‘പുറമെക്കാരനായ’ ചരിത്രക്കാരന്‍ തന്റെ വിവണങ്ങളിലൂടെ ശ്രദ്ധിക്കുന്നത്.
     പ്രദര്‍ശനം മുന്നേറിക്കൊണ്ടിരിക്കെ, ആദ്യമായി നഗരം കാണാനെത്തിയ സുഹൃത്ത് എന്നോട് പറഞ്ഞു: ‘നോക്കൂ ഈ വിവരണത്തിനിടയില്‍ എത്ര തവണ ‘പ്രൊബബ്ളി’ എന്ന വാക്ക് ഉപയോഗിച്ചു എന്ന് നിങ്ങള്‍ ശ്രദ്ധിച്ചോ? ഏതേത് സന്ദര്‍ഭത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്നും നിങ്ങള്‍ ശ്രദ്ധിച്ചോ? ഒന്നിലധികം തവണ കോട്ടയില്‍ പോവുകയും പ്രദര്‍ശനം കാണുകയും ചെയ്തുവെങ്കിലും സുഹൃത്ത് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചത്. ‘ഈ പ്രൊബബ്ളി (ഒരു പക്ഷേ) ഒക്കെ രലൃമേശി(തീര്‍ച്ചകള്‍) ആയി മാറാന്‍ അധിക കാലമൊന്നും എടുക്കില്ല.’ സ്നേഹിതന്‍ പറഞ്ഞു. ഇക്കാര്യം പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു: ഗോല്‍കണ്ട കോട്ടയില്‍ രണ്ടു മുസ്ലിം പള്ളികളുണ്ട്. ഖുതുബ് ഷാഹി നിര്‍മിച്ച തരാമതി പള്ളിയും കൊട്ടാരത്തിന്റെ ഏറ്റവും മുകള്‍ഭാഗത്തായി രാജസദസ്സിനോട് ചേര്‍ന്നു നിര്‍മിച്ച ഇബ്രാഹിം ഖില്‍ ഖുതുബ് ഷാഹ് പള്ളിയും. ഇവ രണ്ടും ഏതാണ്ട് പതിനാറു-പതിനേഴ് നൂറ്റാണ്ടുകളിലായി പണിതവയാണ്. വിവിധ കാലങ്ങളില്‍ കോട്ട ഭരിച്ച മുസ്ലിം രാജാക്ക•ാര്‍ നിര്‍മിക്കുകയും മുസ്ലിംകള്‍ പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചു പോരുകയും ചെയ്ത ഈ പള്ളികള്‍ ഇപ്പോള്‍ അനാഥമായിക്കിടക്കുകയാണ്. മാത്രവുമല്ല, കോട്ട കാണാനെത്തുന്ന മുസ്ലിം സന്ദര്‍ശകര്‍ പള്ളിയുടെ കോമ്പൌണ്ടില്‍ നിന്ന് നിസ്കരിക്കാറുമുണ്ടായിരുന്നു. ഈയടുത്തായി ബാരിക്കേഡ് കെട്ടി സന്ദര്‍ശകരെ നിസ്കരിക്കുന്നതില്‍ നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിലക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. അതേ സമയം തന്നെ കോട്ടയുടെ മുകള്‍ഭാഗത്ത്, ഇബ്റാഹിം ഖില്‍ ഖുതുബ് ശാഹ് പള്ളിയോട് ചേര്‍ന്നുള്ള ദുര്‍ഗാദേവി ക്ഷേത്രം പലപ്പോഴായി പുതുക്കിപ്പണിയുകയും പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കുമായി ഉപയോഗിച്ചു പോരുകയും ചെയ്യുന്നു. ക്ഷേത്രം നിര്‍മിച്ച കാലത്തെയും മറ്റും കുറിച്ച് പറയുമ്പോഴാണ് ഈ ‘പക്ഷേ’കള്‍ വിവരണങ്ങളിലുടനീളം പ്രത്യക്ഷപ്പെടുന്നത്. ഇതേ കുറിച്ച് നേരത്തെ ഉന്നയിച്ച ചില സംശങ്ങളാണ് ‘ഒരു പക്ഷേ,’യില്‍ നിന്നും ‘തീര്‍ച്ചയിലേക്ക്’ ചരിത്ര വിവരണങ്ങള്‍ വഴുതിമാറാന്‍ അധികസമയമൊന്നും എടുക്കില്ലെന്ന് പറയാന്‍ സുഹൃത്തിന് പൊടുന്നനെ ഉണ്ടായ പ്രേരണ.
ആ കൂട്ടുകാരന്റെ കണക്കുകൂട്ടലുകള്‍ വെറുതെയായില്ല. ഹൈദരാബാദ് മക്ക മസ്ജിദിനോട് ചേര്‍ന്ന, നഗരത്തിന്റെ ചിഹ്നമായി ആളുകള്‍ കരുതിപ്പോരുന്ന, 1591ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മുഹമ്മദ് ഖുലു കുതുബ് ശാഹ് പ്ളേഗ് രോഗത്തിന്റെ പിടിയില്‍ നിന്നു നഗരം മോചിതമായതിന്റെ ആഹ്ളാദസൂചകമായി നിര്‍മിച്ച ചാര്‍മിനാറിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയരുകയാണിപ്പോള്‍. നാല്‍പതു വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രം വിപുലപ്പെടുത്തുന്നതിനുവേണ്ടിയുള്ള തീവ്ര ഹൈന്ദവ സംഘടനകളുടെ ശ്രമങ്ങളാണ് കാരണം. തീവ്രമായ ഇത്തരം തീരുമാനങ്ങള്‍ മൂലം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വ്യാപകമായ സാമുദായിക ചേരിതിരിവുകളും അതിക്രമങ്ങളും ഉണ്ടായി.
    ചാര്‍മിനാറിനെക്കാള്‍ പഴക്കം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനുണ്ട് എന്നാണ് അവരുയര്‍ത്തിയ വാദം. ഹിന്ദു ദിനപത്രം നഗരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് ഹിന്ദുത്വ സംഘടനകളുടെ വാദത്തിന്റെ മുനയൊടിച്ചു. ചിത്രങ്ങളില്‍ സംശയം പ്രകടിപ്പിച്ചവരോട് കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും ഹാജരാക്കി ഭാഗ്യലക്ഷ്മി ക്ഷേത്രം സമീപകാലത്തായി ഉണ്ടാക്കിയതാണെന്ന് ഹിന്ദു പത്രം വിശീദകരിച്ചു. ക്ഷേത്ര നവീകരണത്തിന്റെ പേരില്‍ ചാര്‍മിനാറിന്റെ പ്രധാനഭാഗങ്ങളില്‍ വിള്ളലുകള്‍ വീണതായും ഇത് ഈ ചരിത്ര സ്മാരകത്തെ തന്നെ ഇല്ലാതാക്കുമെന്നും ചാര്‍മിനാറിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കുന്നതിലായിരിക്കും അത് കലാശിക്കുക എന്നും മുസ്ലിം സംഘടനകള്‍ പരാതിപ്പെട്ടു. ഹൈദരാബാദിലെ മുസ്ലിം സാന്നിധ്യത്തിന്റെ ചരിത്രപരമായ വിളംബരം കൂടിയായ ചാര്‍മിനാര്‍ നശിപ്പിക്കുന്നതോടെ തങ്ങളെ ചരിത്രത്തില്‍ നിന്നു തന്നെ ഇല്ലാതാക്കാനാണ് വലതുപക്ഷ ഹിന്ദു വര്‍ഗീയ സംഘടനകള്‍ ശ്രമിക്കുന്നതെന്ന ഭീതിയിലാണ് അവര്‍ ഈ പരാതി ഉന്നയിച്ചത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും മുസ്ലിംകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മെനക്കെടുന്നില്ലെന്നും പരാതി ഉന്നയിച്ചത് സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മജ്ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എംഐഎം) തന്നെയാണ്. കോണ്‍ഗ്രസിന്റെ നിരുത്തരവാദപരമായ നിലപാടുകളില്‍ പ്രതിഷേധിച്ച് അവര്‍ സഖ്യം വിട്ടുകഴിഞ്ഞു. പരിസരത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതിയില്ലാതെ ചാര്‍മിനാറിന്റെ മുകള്‍ നിലയില്‍ പോലും പ്രവേശിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. മാത്രവുമല്ല ഈ ചരിത്ര സ്മാരകത്തിന്റെ രണ്ടാം നിലയില്‍ കാലങ്ങളോളം ഒരു മദ്രസ്സയും പള്ളിയും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്നു. നിസ്കാരത്തിനോ അനുബന്ധ പ്രാര്‍ത്ഥനകള്‍ക്കോ ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ നിരോധമാണ്.
     ഈ പശ്ചാത്തലത്തില്‍ കൂടി വേണം ഭാഗ്യലക്ഷ്മി ക്ഷേത്രത്തിന്റെ പൊടുന്നനെയുള്ള കടന്നുവരവിനെയും , ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളെയും അതിനോട് സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും സ്വീകരിക്കുന്ന ഉദാസീനമെന്നു പോലും വിളിക്കാന്‍ കഴിയാത്ത തീര്‍ത്തും വലതുപക്ഷ തീവ്ര ഹൈന്ദവ സംഘടനകളെ പ്രീതിപ്പെടുത്തുന്ന നയനിലപാടുകളെയും മനസ്സിലാക്കാന്‍.
ഭാഗ്യലക്ഷ്മി ക്ഷേത്രത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് എന്നും 1979ല്‍ നഗരത്തില്‍ നടന്ന ഒരു മുസ്ലിം പ്രതിഷേധ മാര്‍ച്ചില്‍ ക്ഷേത്രം തകര്‍ത്തതാണെന്നുമാണ് ക്ഷേത്ര പരിഷ്കരണ സമിതിയുടെ വാദം. ഹൈദരബാദിന്റെ പേരുതന്നെ ഭാഗ്യലക്ഷ്മി നഗരം എന്നാണെന്നും ഇവര്‍ വാദിക്കുന്നു. പക്ഷേ, ഈ വാദം തീര്‍ത്തും ദുര്‍ബലമാണെന്ന് ചരിത്രകാര•ാര്‍ വിലയിരുത്തുന്നു. അറുപതുകളില്‍ ഒരു കല്ലുവച്ച് തുടങ്ങിയ ആരാധന എഴുപതുകളുടെ അവസാനത്തോടെ സജീവമാവുകയായിരുന്നുവെന്ന് അവര്‍ തെളിവുകള്‍ നിരത്തി വാദിക്കുന്നു. എഴുപതില്‍ ഒരു കെഎസ്ആര്‍ടിസി ബസ്സിടിച്ച് തകര്‍ന്ന ആ കല്ല്, അന്നത്തെ മുഖ്യമന്ത്രി ചെന്ന റെഡ്ഢിയുടെ ഒത്താശയോടെ ചിലര്‍ വിപുലമായി പുനഃസ്ഥാപിക്കുകയുയായിരുന്നുവെന്നു പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തില്‍ പൂജ നടത്താനും ഓരോ ഗണേശോത്സവ കാലത്തും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതാതു കാലത്തെ സര്‍ക്കാറുകള്‍ ഹൈന്ദവ സംഘടനകള്‍ക്ക് ഒത്താശ നല്‍കുകയും ചെയ്തു.
    ഗോല്‍ണ്ടയിലെയും ചാര്‍മിനാറിലെയും ക്ഷേത്ര സാന്നിധ്യത്തെ, ഹൈദരാബാദ് രാജാക്ക•ാരുടെ മതേതര പാരമ്പര്യത്തിന്റെ പ്രതീകമായി എടുത്തുകാട്ടിയാണ് ചിലര്‍ ന്യായീകരിക്കുന്നത്. ചരിത്രപരമായ വാദങ്ങളുന്നയിക്കുന്നവരുടെ മതേതര ബോധത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള വിലപേശലാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. ഭാഗ്യലക്ഷ്മി ക്ഷേത്ര പരിരക്ഷണ സമിതിയുടെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിച്ച ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രങ്ങളോടും വാര്‍ത്തകളോടും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജി നിരഞ്ജന്‍ പ്രതികരിച്ചത്? ബാലിശമായ മതേതര ആശങ്കകള്‍ കാട്ടിയാണ്. അങ്ങനെ വാദത്തിനു സമ്മതിക്കാമെങ്കില്‍ ഇവിടങ്ങളില്‍ ഉള്ള പള്ളികള്‍ക്കെന്തു പറ്റി എന്ന ചോദ്യത്തിന് ഉത്തരമൊട്ടില്ലതാനും.
    ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ഒരു മുസ്ലിം രാജവംശം ഹൈദരാബാദില്‍ ഉയര്‍ത്തിയ മുസ്ലിം സ്മാരകങ്ങള്‍ ഇങ്ങനെ ഒന്നിനു പിറകെ മറ്റൊന്നായി കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തെ ഇന്ത്യയോട് ചേര്‍ക്കാനായി പട്ടേലിന്റെ സൈന്യം 1948ല്‍ നടത്തിയ അതിക്രമങ്ങളുടെയും കയ്യേറ്റങ്ങളുടെയും തുടര്‍ച്ചയായി വേണം ഇത്തരം പുതിയ കയ്യേറ്റങ്ങളെയും വിലയിരുത്താന്‍. പട്ടേലിന്റെ സൈന്യം അന്ന് നടത്തിയ തേര്‍വാഴ്ചയാണ് ഹൈദരാബാദ് നഗരത്തിലെ മുസ്ലിംകളുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യും വിധത്തില്‍ അവരുടെ സാമ്പത്തിക അടിത്തറ തകര്‍ത്തത്. അതെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അറുപത് വര്‍ഷം പിന്നിട്ടിട്ടും പുറത്തു വന്നിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ നഗരം അക്രമാസക്തമാകുമെന്നും മുസ്ലിംകള്‍ കലാപം തുടങ്ങുമെന്നും മുടന്തന്‍ ന്യായം പറഞ്ഞാണ് റിപ്പോര്‍ട്ട് ഇപ്പോഴും പൂഴ്ത്തിവെക്കുന്നത്. മക്ക മസ്ജിദിന്റെ പരിസരത്ത് ഇടക്കിടെ ഉണ്ടാകാറുള്ള അക്രമസംഭവങ്ങളാണ് ഇതിന് ഉപോല്‍ബലകമായി ഇവര്‍ എടുത്തു കാണിക്കുന്നത്. പക്ഷേ, ഓള്‍ഡ് സിറ്റി എന്നു വിളിക്കുന്ന ഹൈദരാബാദ് നഗരത്തിന്റെ ഈ ഭാഗത്ത് താമസിക്കുന്നവരെ അക്രമാസക്തമായ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചാരും സംസാരിക്കാറില്ല. മുസ്ലിംകളില്‍ നിന്നും 48ല്‍ പിടിച്ചെടുത്ത കച്ചവട സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ മറ്റു സമുദായക്കാര്‍ക്ക് വീതിച്ചു കൊടുത്തതായി ചിലര്‍ പരാതികളുന്നയിച്ചു. ഇവയെക്കുറിച്ചൊന്നും അന്വേഷണങ്ങളോ തുടര്‍ നടപടികളോ ഉണ്ടായില്ല എന്നു മാത്രമല്ല, മുസ്ലിംകളെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചു വരുന്നത്. ഹൈദരാബാദ്- മക്ക മസ്ജിദ് ഇരട്ട സ്ഫോടനങ്ങളുടെ പേരില്‍ നടന്ന മുസ്ലിം വേട്ടയും, ചാര്‍മിനാറിന്റെ നേരെ നടക്കുന്ന കയ്യേറ്റങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. അതാതുകാലത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി പൊതുജന വികാരത്തെ ദുരുപയോഗം ചെയ്യുന്നവരും മുസ്ലിംകളുടെ സാമൂഹിക ജീവിതം കൂടുതല്‍ അരക്ഷിതമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം മുസ്ലിംകളുടെ ചരിത്രപരമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ചരിത്ര സ്മാരകങ്ങള്‍ക്കു നേരെ തീവ്ര ഹിന്ദു സംഘടനകള്‍ കൂടുതല്‍ രൂക്ഷവും സൂക്ഷ്മവുമായ അതിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാബരികളും ഡിസംബര്‍ ആറുകളും ആവര്‍ത്തിക്കും എന്നു തന്നെയാണ് ചാര്‍മിനാര്‍ സംഭവ വികാസങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. നമ്മുടെ മതേതര സ്ഥാപനങ്ങളുടെ മതകീയ പക്ഷപാതങ്ങള്‍ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ കവിഞ്ഞ്, മറ്റെന്തെങ്കിലും നടപടികള്‍ ഭരണകൂടത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ വകയുണ്ടോ? ബാബരി മസ്ജിദ് കേസില്‍ മിത്തുകളെ കൂട്ടുപിടിച്ച് അലഹാബാദ് ഹൈക്കോടതിയിലെ ‘നിയമ’ വിശാരദ•ാര്‍ നടത്തിയ വിധി പ്രഖ്യാപനത്തിനു ശേഷം അങ്ങനെയൊരു പ്രതീക്ഷക്കു എത്രമാത്രം പ്രസക്തിയുണ്ട്?

No comments:

Post a Comment