Tuesday, October 30, 2012

> കുഞ്ഞിക്കദിയാത്ത രക്ഷപ്പെടുത്തിയ ചാരായ വാറ്റുകാരന്‍


കുഞ്ഞിക്കദിയാത്ത രക്ഷപ്പെടുത്തിയ ചാരായ വാറ്റുകാരന്‍


  കുഞ്ഞിക്കദിയാത്ത നാട്ടുകാരുടെ പ്രിയപ്പെട്ട വലിയുമ്മയാണ്.ഭര്‍ത്താവിന്റെ മരണം പെട്ടെന്നായതിനാല്‍ അവരാണ് കുടുംബം പോറ്റുന്നത്. കൂടാതെ മകന്‍ അബൂബക്കറും,നാല് പെണ്‍മക്കളുമുണ്ട് കദിയാത്തക്ക്.അവരെയും കൂട്ടി നെല്‍വയലിലേക്ക് രാവിലെ ഇറങ്ങും.പിന്നെ കരകയറുന്നത് സന്ധ്യാസമയത്താണ്.ഞാറ് നടലും കൊയ്യലും മെതിക്കലുമായി വൈകുന്നേരം വരെ അവര്‍ കൂടും. കൂടെ അയല്‍വാസിയായ കുഞ്ഞിക്കോറ്റിയും അവളുടെ അമ്മയും.എല്ലാം കുഞ്ഞിക്കദിയാത്തയുടെ സഹപ്രവര്‍ത്തകരാണ്.വേടി പറഞ്ഞും പൊട്ടിച്ചിരിച്ചും അവരങ്ങനെ കഴിച്ചു കൂട്ടി.

  നാട്ടിലെ ആരുടെ സഹായത്തിനും ആദ്യം ഓടിയെത്തുക കദിയാത്തയാണ്.പിന്നാലെ കുഞ്ഞിക്കോറ്റിയും.ഈ സൗഹൃദം അവരുടെ മക്കളിലും ഒരു പോലെ പ്രകടമായിരുന്നു. രണ്ട് പേരുടെയും സാന്നിധ്യം എല്ലാ വീട്ടുകാര്‍ക്കും അനുഗ്രഹീതമാണ്.
  ഒരു ദിവസം രാത്രി നിസ്കാരവും കഴിഞ്ഞ് കദിയാത്ത കാല്‍ നീട്ടിയിരുന്ന് കൈകൊണ്ട് മുട്ടുമുഴിഞ്ഞ് ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുകയാണ്‌. ആ സമയത്ത് വാതിലിന് ശക്തിയായ മുട്ട്; പുറത്തു നിന്ന്,കദിയാത്താ കദിയാത്താ എന്ന് കിതച്ചു കൊണ്ടൊരു വിളിയും.’’ഇപ്പം ഈ നേരത്ത് ആരാണീ വാതിലിനു മുട്ടുന്നെ’’ എന്നും പറഞ്ഞു അവര്‍ വാതില്‍ തുറന്നു.
  വാതില്‍ തുറന്നതും ഒരാള്‍ വീട്ടിനകത്തേക്ക്‌ കയറി.കദിയാത്ത ആകെയൊന്നു വിയര്‍ത്തു.അപ്പോഴേക്കും മണ്ണെണ്ണ വിളക്കുമായി മകള്‍ ആയിഷക്കുട്ടി ഓടിവന്നു.ഇരുണ്ട വെളിച്ചത്തില്‍ കദിയാത്തക്ക് ആ മുഖം മനസ്സിലായി.കദിയാത്ത ചോദിച്ചു ‘’എന്താ ബാസ്വോ’’ ‘ജ്പ്പന്തിനാ ഇങ്ങട്ട് ഓടിക്കെറീക്ക്ണ്? ഞങ്ങളെ അഞ്ച് പെണ്മക്കളെ പേടിപ്പിച്ചാല്‍’..
  വാസു കിതക്കല്‍ നിര്‍ത്താതെ പറഞ്ഞു. പോലിസ്...പോലിസ്... കുഞ്ഞിക്കദിയ്യാത്ത നെടുവീര്‍പ്പിട്ടു ചോദിച്ചു പോലീസോ? ‘’ന്‍റെ അബോക്കര് ന്തെങ്കിലും കച്ചറയുണ്ടാക്കിയോ? ഓനെ പുട്ച്ചാനാണോ ഓര്  ബര്ണത്?’’
  ‘’അല്ല എന്നെ പിടിക്കാനാണ് കദിയാത്താ.. വാസു ചിരിച്ചു കൊണ്ട് പറഞ്ഞു.ആ ചിരിയിലെ അര്‍ത്ഥം കടദിയാത്തക്ക് മനസ്സിലായി. കുഞ്ഞിക്കോറ്റിയുടെ മകനായ വാസു ഒരു ചാരായ വാറ്റുകാരനാണ്. ഇടയ്ക്കിടെ അവനെ പിടിക്കാന്‍ പോലിസ് വരും.പക്ഷെ അവന്റെ ജേഷ്ടന്റെ മകന്‍ പോലീസായതിനാല്‍ അവന്‍ അപ്പപ്പോള്‍ വിവരമറിയിക്കും.ഇന്നെന്തോ കാരണത്താല്‍ വിവരം ലഭിക്കാത്തത് കൊണ്ടാണ് അവന്‍ പോലീസിന്റെ മുമ്പില്‍ പെട്ടത്.
  അവന്‍ കദിയാത്തയോട് ചോദിച്ചു. ഞാന്‍ ഇവിടെ ഒളിച്ചിരിക്കട്ടെ? കുഞ്ഞിക്കദിയാത്തയുടെ മൃദുത മനസ്സ്  അവനോടു പറഞ്ഞു. ‘’ബാസ്വോ ജ് ആ പത്തായപ്പൊരീക്കങ്ങ് കേറിക്കോ. അന്നെ രക്ഷിക്ക്ണ കാര്യം ഞ്ഞ്മ്മളേറ്റു.അവന്‍ ആ ഇരുട്ടു മുറിയിലീക്ക് ഊളിയിട്ടു.
  പുറത്തു മരങ്ങളും കുറ്റിച്ചെടികളും കുളിമുറിയിലുമെല്ലാം തിരഞ്ഞ് പോലീസുകാര്‍ വാതിലിനു മുട്ടി.അവര്‍ വേഗം വാതില്‍ തുറന്നു.എസ്‌ഐ കനത്ത സ്വരത്തില്‍ ചോദിച്ചു. ഇവിടെ ആരെങ്കിലും കയറി വന്നോ? കദിയാത്ത പറഞ്ഞു.’’ബ്ടെ ആര് കയറി വരാന്‍, ഞാനും ന്‍റെ അഞ്ചു മക്കലുമെല്ലതെ വിടെ ആര്ണ്ടാവാന്‍? അവരുടെ നിര്‍ഭയമായ സംസാരം കേട്ട് അവര്‍ മടങ്ങിപ്പോയി.
  അവര്‍ പോയ ഉടനെ കദിയാത്ത വിളക്കുമായി പത്തായപ്പുരയിലേക്ക് ചെന്നു.അവിടെ അവനെ കണ്ടില്ല.അവര്‍ മക്കളോട് ചോദിച്ചു ‘’ഓന്‍ എവിടെ പോയി’’’ അവര്‍ പറഞ്ഞു. അടുക്കളെക്കൂടി പുറത്തേക്ക് പോയി. കദിയാത്തയുടെ ചുണ്ടില്‍ തമാശയുടെ ഒരു ചിരി വിടര്‍ന്നു
                                         ജ്വാല മാസിക

Saturday, October 27, 2012

> പ്രവാചക നിന്ദ: മിഡിലീസ്റ്റിലെ ഹണ്ടിംഗ്ടന്‍ ചിരിക്കുന്നു.


പ്രവാചക നിന്ദ: മിഡിലീസ്റ്റിലെ ഹണ്ടിംഗ്ടന്‍ ചിരിക്കുന്നു.
  നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന കുരിശു യുദ്ധത്തിന്‍റെ പൊടിയടങ്ങിയപ്പോള്‍ പശ്ചിമേഷ്യന്‍ മണ്ണില്‍ സാമ്രജത്വത്തിന്റെ കഴുക കണ്ണുകളാണ് യഥാര്‍ത്ഥത്തില്‍ അവശേഷിച്ചത്. ‘’Operation desert storm’’ എന്ന് പാശ്ചാത്യ മാധ്യമ മേധാവിത്യം ഓമനപ്പേരിട്ട് വിളിച്ചു കൊണ്ട്, ഭാസുരമായിരുന്ന ഇറാഖിന്‍റെ മണ്ണിലേക്ക് സൈനിക ആക്രമണം നടത്തുന്നത് വരെ നീണ്ടു കിടക്കുന്ന സാംസാരിക നയതന്ത്ര അധിനിവേശവും അനന്തരം ‘ഓപറേഷന്‍ ജെറോനിമോ’ വരെ എത്തി നില്‍ക്കുന്ന ശൂര പ്രകടനങ്ങളും   ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മിഡില്‍ ഈസ്റ്റിനു ബാക്കി വെക്കുന്നത് ഒട്ടനേകം ആശങ്കകള്‍ മാത്രമാണ്.ഈയിടെ ജെറോനിമോ സ്റ്റെയിലില്‍ ലിബിയയില്‍ എംബസി ആക്രമണവുമായി ബന്ധപ്പെട്ട് സൈനിക നീക്കം നടത്തുന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ച അമേരിക്കയില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നു.ഒരു വംശത്തിന്റെ ധ്വംസന ദാഹത്തിന്റെ തീക്ഷ്ണത അളവറ്റതാണെന്ന് ചില പ്രസ്താവനകള്‍ പറയാതെ പറഞ്ഞ് പോകുന്നുണ്ട്. ‘ക്രിസ്റ്റിസണ്‍ ജില്ലഡ് പോസ്റ്റില്‍’ കാര്‍ട്ടൂണ്‍ വരച്ചു തിരികൊളുത്തിയ പ്രവാചകാവഹേളനത്തിന്‍റെ ആവിഷ്കരണത്തിന് പുതുനിറം പകരുകയാണ് ജൂത-ക്രിസ്തീയ-സയണിസ്റ്റ് ലോബികള്‍.
  ‘സാംബസിലി’ എന്ന വ്യക്തിയെ കരുവാക്കിക്കൊണ്ട് അശ്ലീല സിനിമാ രംഗത്ത് പ്രശസ്തനായ സാംബക്കിള്‍ എന്ന സംവിധായകനെ, തലപ്പത്ത് നിര്‍ത്തി ‘ഇന്നസെന്‍റ്സ് ഓഫ് മുസ്‌ലിംസ്’ എന്നാ പ്രവാചകരെ നിന്ദിക്കുന്ന പടം പിടിച്ചത് കാലിഫോര്‍ണിയക്കാരനായ ‘സകരിയ ബുത്രോസ്’ എന്ന ക്രിസ്തീയ കോപ്റ്റിക് പുരോഹിതനാനെന്ന്‍ തിരിച്ചറിയുമ്പോഴാണ് Samuel p.huntinden ആവിഷ്കരിച്ച ‘Clash of civilization’ നെഞ്ചില്‍ വന്നു തറക്കുന്നത്.ഗാമയുടെ പര്യടനത്തില്‍ തുടങ്ങിയ കിഴക്കിനോടുള്ള അടങ്ങാത്ത വൈരാഗ്യത്തിന്റെ നികൃഷ്ടമായ അനന്തരഫലങ്ങള്‍ അടയാളപ്പെടുത്തുന്നത്, എണ്ണയൂറ്റാന്‍ ഒരു ജനതയെ ഒന്നടങ്കം തീവ്രവാദി പരിവേഷമണിയിച്ചതു മാത്രമല്ല, മറിച്ച് നവ ആന്‍റി ഇസ്ലാമിസ്റ്റ് ഭീകരത കഴുതറുക്കാന്‍ നോക്കുന്ന കിഴക്കിന്റെ സ്വത്വം വിളിച്ചു പറയുന്നുണ്ട് എന്നുകൂടിയാണ്. എന്നാല്‍ അങ്കിള്‍സാം വിത്ത് പാകി കൊയ്തെടുത്ത (ആന്‍റി അമേരിക്കന്‍) ഏകാധിപത്യത്തിന്‍റെ തറവാട് മുറ്റത്ത്‌ വെച്ച് തന്നെയാണ് പ്രവാചക നിന്ദാ പ്രധിഷേധത്തിന്‍റെ കൊടുങ്കാറ്റുകള്‍ക്ക് മുളപൊട്ടിയാതെന്നും തല്‍ഫലമായി അമേരിക്കക്ക് ഒരു പൗരനെ നഷ്ടപ്പെട്ടെന്നും മനസ്സിലാക്കുമ്പോള്‍ പുതുകാല പുലരി സ്വപ്നം കണ്ടുണര്‍ന്ന ഒരു സമൂഹത്തില്‍ പ്രത്യാശകളുളവാകുന്നുണ്ട്.


        

എരിതീയിലെ എണ്ണ പകരല്‍
   ഇന്നസെന്‍റ്സ് ഓഫ് മുസ്‌ലിംസ്’ എന്നാ സിനിമ എടുത്തു കളയണമെന്ന പൊതു വികാരത്തെ മാനിക്കാന്‍ google-ഉം youtube-ഉം ഒന്നും തയ്യാറായിരുന്നില്ല എന്നത് വസ്തുതയാണ്.’വാഷിംഗ്‌ടണ്‍ ഡിസി’യില്‍ നിന്നടിച്ചിറങ്ങുന്ന News week,Time തുടങ്ങി, വിശ്വമാധ്യമ ലോകം ഭരിക്കുന്ന ജേണലുകള്‍ ഒക്കതന്നെയും ന്യൂനപക്ഷത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിപ്ലവത്തിന്റെ രണഭേരി മുഴക്കുന്നത്. കോപ്പന്‍ഹേഗനില്‍ പ്രവാചകരെ അവഹേളിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും ക്രിസ്റ്റിസണിന് ഒരുക്കി നല്‍കിയതില്‍, ഭൂരിപക്ഷ പ്രീണനത്തിന്റെ നയത്തില്‍ കവിഞ്ഞൊന്നുമില്ല.ദൈവികമായ സാംസ്കാരിക വായനാ ലോകം പ്രവാചക നിന്ദ, വിവാദ സിനിമ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴും ‘’Muslim rage’’ എന്ന പേരില്‍ ‘അയാന്‍ ഹിര്‍സി അലി’യുടെ ന്യൂസ് വീക്കില്‍ വന്ന ലെഖനം, സ്വത്വമുള്ള ഇസ്ലാമിനെ പോതുജനത്തിലേക്ക് വലിച്ചിഴച്ചു അപഹസിക്കാന്‍ കളമൊരുക്കി നല്‍കാനും ശ്രദ്ധപുലര്‍ത്തുന്നുണ്ട് എന്നതിന്റെ തെളിവാണ്.
കുളം കലക്കി മീന്‍പിടുത്തം
   
   അണിയറയില്‍ ഒരുപറ്റം സൂത്രശാലികളായ വക്രബുദ്ധികളുടെ സക്രിയത്വം നുരയുന്നുണ്ട്.ഫണ്ടമെന്റലിസ്റ്റ്,ഇസ്ലാമിസ്റ്റ് പ്രവര്‍ത്തകര്‍ ജീവന്‍-മരണ പോരാട്ടത്തിനിറങ്ങുന്ന തെരുവുകാഴ്ച്ച മുഴക്കുന്നത് ഒരു തരം മതഭ്രാന്തിന്‍റെ പടഹധ്വനി മാത്രമാണ്.
  പറിച്ചു നടുന്ന സാംസ്കാരിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനും  പൊടി പിടിച്ച ചരിത്ര സ്മാരകങ്ങള്‍ പൊടി തട്ടിയെടുത്ത് നവയുഗത്തില്‍ അമരത്വത്തിന്‍റെ ഭാവം പകര്‍ന്നും വഴി നടത്താന്‍ ധൈഷണികമായ പിന്‍ബലം അനിവാര്യമാണ്. വംശീയ വിദ്വേഷത്തിന്റെ നെടുസമവാക്യങ്ങളും കരിദര്‍ശനങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ശാപമായി നില്‍ക്കാനനുവദിക്കുന്നത് മാനുഷികമല്ല. മാനുഷിക മൂല്യങ്ങളുടെ ചക്രവാളത്തിനപ്പുറം ഒരു തീരം അസ്സാധ്യമാണെന്ന കാഴ്ച്ചപ്പാടിലേക്ക് പൊതുശ്രദ്ധ പിഴുതു മാറ്റേണ്ടതുണ്ട്.

                                         ജ്വാലമാസിക

Thursday, October 25, 2012

> പ്രകൃതി എഴുത്തുകള്‍/കഥ









പ്രകൃതി എഴുത്തുകള്‍




ഒഴുകിയെത്തിയ പടിഞ്ഞാറന്‍ കാറ്റ് പൂവിനോട് കഥ
പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു.പൂമ്പാറ്റയുടെ
ഇടപെടല്‍.കാറ്റ് കഥ മതിയാക്കി പിരിഞ്ഞു പോയപ്പോഴും പൂമ്പാറ്റ മധുരം നുകര്‍ന്നു കൊണ്ടിരുന്നു. അപ്പോഴും ഇതൊന്നുമറിയാതെ അപ്പുറത്തെ കൊമ്പിലെ പൂമൊട്ട് തന്‍റെ ഭാവി നെയ്ത്കൊണ്ടിരിക്കുകയായിരുന്നു. ജീവിതത്തിന്‍റെ ചാപല്യങ്ങളെ കുറിച്ച് ഓര്‍ക്കാതെ, ‘വീണ പൂവിന്‍റെ’  വരികള്‍ പാടാതെ, കടന്നു വരുന്ന വിരുന്നുകാരെ പരിചയപ്പെടാതെ, പ്രകൃതിയുടെ ‘നിലവിളികള്‍’ കേള്‍ക്കാതെ.....!!!
***   ***   ***   ***
സ്പര്‍ശനത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിനു മുമ്പേ തൊട്ടാവാടി ഉണങ്ങിപ്പോവുന്നു. നട്ടുച്ച വെയിലിലും മരം കോച്ചുന്ന തണുപ്പിലും കുത്തിച്ചൊരിയുന്ന മഴയിലും ആടിയുലയുന്ന കാറ്റിലും വിരിഞ്ഞു നിന്ന ഈ സസ്യം, ഒരു ചെറിയ അനക്കത്തില്‍ വാടിപ്പോവുന്നു, അതാണതിന്‍റെ
സൗന്ദര്യം. തൊട്ടാവാടി ചെടിക്ക് ചുറ്റും ആവരണം ചെയ്യപ്പെട്ട മുള്ളുകള്‍ അതിന്‍റെ സൗന്ദര്യത്തിന്‍ മാറ്റും രക്ഷയും കൂട്ടുന്നു.നാണം മാറ്റി മാറിടം വിരിച്ചു വരുന്ന ഒരു നാള്‍ അതിന്‍റെ മുള്ളുകള്‍ പിഴുതെറിഞ്ഞ് സമൂഹമദ്ധ്യേ ചവിട്ടിയരക്കപെടും.
***   ***   ***   ***
പുഴക്കടവ് വരെ എത്തി നില്‍കുന്ന കാട്ടു തീ, മറുകരയിലേക്ക് പാലം കാത്തു നില്‍ക്കുന്നു. നിറയാത്ത എന്റെ മനസ്സിലേക്ക് എല്ലാം പിടിച്ചിട്ടു കൊണ്ടിരിക്കുന്നു. കാറ്റ് ആഞ്ഞു വീശി. മുളകള്‍ പരസ്പരം ചേര്‍ന്ന്‍ നിന്ന്‍ അഗ്നി ദേവന് പാലമൊരുക്കി.തീ മറുകരയില്‍ കടന്നു ആക്രമണം തുടങ്ങിയപ്പോള്‍, കാറ്റും തീയും ഒന്നിച്ചു ആര്‍ത്തു ചിരിച്ചു. അപ്പോഴും അവിടെ ഒരു ചെറിയ നിലവിളി മുഴങ്ങിക്കേട്ടിരുന്നു.
***   ***   ***   ***

നിവര്‍ന്നു നില്‍ക്കുന്ന നീലാകാശത്തിന്റെ വിരിമാറില്‍ പുഞ്ചിരി തൂകി വെട്ടം പരത്തി കൊണ്ടിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍. ഭൂമിയില്‍, മരങ്ങള്‍ ആയിരം കൈകള്‍ വീശി അമ്പിളിയെ സ്വാഗതം ചെയ്തു.അന്ധകാര മറവിലെ അരുതായ്മകള്‍ അറുത്ത് മാറ്റിയായിരുന്നു ആ നിലാവിന്റെ ആഗമനം.വെളിച്ചം മറക്കാന്‍ ഒളിയമ്പുമായി കടന്നു കയറിയ മേഘത്തിന്റെ കറുത്ത ഇരിമ്പുദണ്‍ഢുകളെ വെളിച്ചമാക്കി നിലാവ് ഭൂമിയെ ചുമ്പിച്ചു കൊണ്ടിരുന്നു.
***   ***   ***   ***
വേനല്‍ മഴ ഒന്ന് പാളി നോക്കി പിരിഞ്ഞു പോയി.ആരെയും കൊതിപ്പിക്കുന്ന പുതുമണ്ണിന്റെ നറുമണം പരക്കെ പടര്‍ന്നു.വാടിയ ചെടികള്‍, ആ ജലധാരയെ ഒന്ന് വാസനിച്ചെങ്കിലും അല്പം പോലും സേവിച്ചില്ല.ഇനിയും ആകാശം നിറഞ്ഞു പെയ്യുമെന്ന്‍ നിനച്ച ഭൂമിക്ക് തെറ്റി. ചിരിയും കരച്ചിലും ബന്ധിച്ച ഒരു നൊമ്പരത്തോടെ മഴ വിട പറഞ്ഞിരുന്നു.ഉച്ച വെയിലിന്റെ മൂര്ദന്യത്തില്‍ ഭൂമി സ്വയം വിയര്‍ത്തു, ഒരു തുള്ളി നീരായി ഒഴുകി.
***   ***   ***   ***
ഇന്നലെ രാത്രി പെയ്ത മഞ്ഞിന്‍ തുള്ളികള്‍ പച്ചിലത്തുമ്പുകളില്‍  അവശേഷിച്ചിരുന്നു.കിഴക്കിന്റെ മലമടക്കുകള്‍ക്കപ്പുറം അര്ക്കന്‍ തല ഉയര്‍ത്തി കണ്ണ് തുറന്നപ്പോള്‍ വൈര്യമുത്ത് പോലെ വിളങ്ങി നില്‍ക്കുന്ന മഞ്ഞു തുള്ളികള്‍ കണ്ട് കണ്ണ്‍ മഞ്ഞളിച്ചു.ഇളം തെന്നലിന്റെ മൂളിപ്പാട്ടിന് കാട്ടരുവി താളം പിടിച്ചപ്പോള്‍ അറിയാതെ പച്ചിലകള്‍ നൃത്തം വെച്ച് തുടങ്ങി.മണ്ണിലേക്ക് തല തള്ളി വീണ വീര മുത്ത് ഭൂമിക്ക് ചെറിയ കുളിരേകിയെങ്കിലും പച്ചില വാടിതുടങ്ങിയിരുന്നു


                                          ജ്വാല മാസിക